JOICE JOSEPH
← FIELD NOTES

രാജകുമാരിയിലെ ക്രിക്കറ്റ് കളി

രാജകുമാരിയിലെ കൂട്ടുകാർക്കും ക്രിക്കറ്റ് കളികൾക്കും മഴ നനഞ്ഞ ഓർമ്മകൾക്കും ഒരു കവിത.

Representative illustration of friends playing village cricket among misty green hills in Kerala.

AI-generated illustration inspired by village cricket in Kerala.

ബാറ്റുമായി ഒരാൾ വന്നാൽ
ബാക്കിയുള്ളവർ താനേ എത്തും;
മൂന്നു കമ്പുകൾ നാട്ടിയാൽ
ആ മൈതാനം ഞങ്ങളുടേതാകും.

ടീം തിരിക്കുമ്പോഴേ തുടങ്ങും
ആ ദിവസത്തെ ആദ്യ തർക്കം—
“അവൻ നിങ്ങളുടെ ടീമിലാണെങ്കിൽ
ആദ്യം ബാറ്റിങ് ഞങ്ങൾക്കാണ്!”

ഓരോ പന്തിനും ഓരോ നിയമം,
ഓരോ ഔട്ടിനും നീണ്ട വിചാരണ;
“ബാറ്റിൽ കൊണ്ടിട്ടില്ലെടാ” എന്നു പറഞ്ഞവൻ
അടുത്ത പന്തും നേരിടും.

പന്ത് കുറ്റിക്കാട്ടിൽ പോയാൽ
കളി കുറച്ചുനേരം നിൽക്കും;
അടിച്ചവനും എറിഞ്ഞവനും
ഒരുമിച്ചിറങ്ങി തിരയും.

മഴയുടെ ആദ്യ തുള്ളിയിൽ
ആരും വീട്ടിലേക്കോടില്ല—
“ഈ ഓവർ കൂടി കഴിയട്ടെ,”
പിന്നെ, “ഒരു ഓവർ കൂടെ.”

വെളിച്ചം കുറഞ്ഞാൽ
അവസാന ഓവർ തുടങ്ങും;
ജയിക്കാൻ എത്ര റൺ വേണമെന്ന്
അപ്പോഴും തർക്കമുണ്ടാകും.

പിരിയുമ്പോൾ ചോദ്യം ഒന്നുമാത്രം:
“നാളെ എത്ര മണിക്കാ?”

ഇന്ന് ആ കൂട്ടത്തെ ഓർക്കുമ്പോൾ
സ്കോറൊന്നും ഓർമ്മ വരുന്നില്ല;
പന്തിനായി നീട്ടിയ കൈകളും
പേരു വിളിച്ച ശബ്ദങ്ങളും മാത്രം.

ഒരിക്കൽക്കൂടി
ആ പഴയ ബാറ്റുമായി ചെന്നാൽ,
ആരെങ്കിലും ദൂരെനിന്ന് വിളിച്ചെങ്കിൽ—
“വാടാ, ഒരാളുടെ കുറവുണ്ട്!”

← Back to all field notes