ചായയും ശർക്കരയും
മഴ നനഞ്ഞ ഏലത്തോട്ടത്തിലെ ചൂടൻ ചായയ്ക്കും ശർക്കരയ്ക്കും ബാല്യത്തിന്റെ മധുരം.

കുട്ടിയായിരുന്നപ്പോൾ ഏലത്തോട്ടത്തിൽ പണിയെടുക്കുന്നവർക്ക് ചായ കൊണ്ടുപോകുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു.
പ്രത്യേകിച്ച് മഴയുള്ള ദിവസങ്ങളിൽ.
ചെറിയൊരു പാത്രത്തിൽ ചൂടൻ ചായ. കൂടെ കുറച്ച് ശർക്കരക്കഷണങ്ങൾ.
അതുമായി നനഞ്ഞ ഏലച്ചെടികൾക്കിടയിലൂടെ നടക്കും.
ഇലകളിൽ തങ്ങിനിൽക്കുന്ന മഴത്തുള്ളികൾ ദേഹത്തേക്ക് വീഴും. മണ്ണിൽ കാലുവയ്ക്കുമ്പോൾ ചെളിയിൽ താഴും. തണുപ്പിൽ കൈകൾ മരവിച്ചിട്ടുണ്ടാകും.
ഞാൻ എത്തുന്നത് കണ്ടാൽ ആരെങ്കിലും വിളിക്കും—
“ചായ വന്നല്ലോ!”
കുറച്ചുനേരത്തേക്ക് പണി നിൽക്കും.
ഏലച്ചെടികളുടെ ഇടയിൽ മഴ കൊള്ളാത്തൊരു സ്ഥലം നോക്കി എല്ലാവരും കൂടിയിരിക്കും.
ഒരു കവിൾ ചൂടൻ ചായ. പിന്നെ ഒരു കഷണം ശർക്കര.
അവരുടെ കൂടെ എനിക്കും കിട്ടും.
ആ തണുപ്പിൽ ചൂടൻ ചായ കുടിച്ച് പിന്നാലെ ശർക്കര കടിക്കുമ്പോഴുള്ള രുചി മറക്കുവാൻ സാധിക്കില്ല.
ചായ തീർന്നാൽ അവർ വീണ്ടും മഴയിലേക്ക്, പണിയിലേക്ക്.
ഞാൻ കാലിയായ പാത്രവുമായി വീട്ടിലേക്കും.
ഇന്ന് എത്ര നല്ല ചായ കുടിച്ചാലും ചിലപ്പോൾ മനസ്സ് തിരയുന്നത് അതാണ്—
മഴ നനഞ്ഞ ഏലത്തോട്ടത്തിന്റെ മണം, തണുത്ത കൈകളിലെ ചൂടൻ ചായ, പിന്നെ ഒരു ചെറിയ ശർക്കരക്കഷണം.
അന്ന് അത് ശർക്കരയുടെ മധുരമായിരുന്നു.
ഇന്ന് അതിന് ബാല്യത്തിന്റെ മധുരമാണ്.