ഒരു കമ്പ്യൂട്ടറും അഞ്ചുപേരും
1996-ൽ ഒരു കമ്പ്യൂട്ടർ ലാബിൽ തുടങ്ങിയ കൗതുകവും ഇന്നും തുടരുന്ന യാത്രയും.

മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ആദ്യമായി കയറിയ ദിവസം.
ജനലില്ലാത്ത എസി മുറി. കമ്പ്യൂട്ടറുകളുടെ അപരിചിതമായ ശബ്ദം. ഒരു കമ്പ്യൂട്ടറിന് ചുറ്റും ഞങ്ങൾ അഞ്ചുപേർ.
എന്റെ ഊഴം വന്നപ്പോൾ ചെറിയൊരു പേടിയോടെ കീബോർഡിൽ കൈവച്ചു. സ്ക്രീനിൽ എന്തൊക്കെയോ തെളിഞ്ഞു.
ഒന്നും മനസ്സിലായില്ല. പക്ഷേ അറിയണമെന്നൊരു കൗതുകമുണ്ടായിരുന്നു.
പിന്നെ ആ കൗതുകത്തിന്റെ പിന്നാലെയായിരുന്നു യാത്ര.
കമ്പ്യൂട്ടർ പഠിച്ചു. ടെക്നോളജി ജോലിയായി. ചെറിയ സിസ്റ്റങ്ങളിൽ തുടങ്ങിയ യാത്ര പതിയെ വളർന്നു.
അന്ന്, ഒരൊറ്റ കമ്പ്യൂട്ടർ തൊടാൻ ഞങ്ങൾ അഞ്ചുപേർ ഊഴം കാത്തുനിന്നു. ഇന്ന്, ലോകത്തിന്റെ പല കോണുകളിലായി ഇന്റർനെറ്റ് പ്രവർത്തിക്കാൻ സഹായിക്കുന്ന ദശലക്ഷക്കണക്കിന് സെർവറുകൾ ഞാൻ deploy ചെയ്യുന്നു.
ഇപ്പോൾ മുന്നിൽ AI തുറക്കുന്ന മറ്റൊരു പുതിയ ലോകം.
തിരിഞ്ഞുനോക്കുമ്പോൾ ഒരു കാര്യം മാത്രം മാറിയിട്ടില്ല—
1996-ൽ ആ കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്ന കുട്ടിയുടെ കൗതുകം.
അന്ന് ജീവിതം എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു.
ഇന്നും അറിയില്ല.
ഒരുപക്ഷേ അറിയാതിരിക്കുന്നതിലായിരിക്കാം ഈ യാത്രയുടെ ഏറ്റവും വലിയ ഭംഗി.